Thursday, August 17, 2023

Unnikrishnan T :: സൗഹൃദങ്ങളിലെ പ്രതിഭകൾ - 1

സൗഹൃദങ്ങളിലെ പ്രതിഭകൾ
ടി.ഉണ്ണികൃഷ്ണൻ


അയ്യപ്പൻ ആറ്റിങ്ങൽ....

ബോയ്സ് സ്കൂളിലെ പഠനകാലത്താണ് അയ്യപ്പനെ പരിചയപ്പെടുന്നത്. ഞങ്ങൾ ഒരേ ക്ലാസുകാരെങ്കിലും ഡിവിഷൻ വേറെയാണ്. ക്ലാസ് ഒഴിവ് സമയങ്ങളിൽ വിശാലമായ ഗ്രൗണ്ടിലേക്കുള്ള പോക്കാണ്. അന്നേരം കോളേജ് ചേട്ടന്മാരോ സ്കൂളിലെ സ്വന്തക്കാരോ ഒക്കെ അവിടെയുണ്ടാവും.

ക്രിക്കറ്റാണ് പ്രധാന കളിയിനം. കളിക്കളത്തിലല്ല കാഴ്ചക്കാരനായി ഇരിക്കുന്നവരുടെ കൂട്ടത്തിലാണ് ഈയുള്ളവൻ. അങ്ങനെയുള്ള ഗ്രൗണ്ട് സന്ദർശനങ്ങളിലൊരിക്കൽ ഒരാൾ ക്രിക്കറ്റ് കളിക്കുന്നോ എന്ന ചോദ്യവുമായെത്തുന്നു. ടീം തട്ടിക്കൂട്ടാൻ ഒരാളുടെ കുറവ് പരിഹരിക്കാനുള്ള ശ്രമമാണ്. 

ഇല്ല. എന്നു പറഞ്ഞൊഴിഞ്ഞു.

പിന്നെ മറ്റാരെയോ സമീപിച്ച് ഒപ്പം ചേർത്ത് അവർ കളിക്കുള്ള ശ്രമം.
ടോസിടുന്നു. 

എന്നെ സമീപിച്ചവന്റെ ടീമിന് ബൗളിംഗ്.
ഫീൽഡർമാരെ ടീം ക്യാപ്റ്റൻ സെറ്റ് ചെയ്ത് നിർത്തുന്നു .ആദ്യ ബൗളിംഗിനായി ക്യാപ്റ്റൻ പന്തേല്പിക്കുന്നത് എന്റെ അടുത്തേക്ക് വന്നവനേയും..
ദൂരെ നിന്ന് ഓടിവന്നുള്ള വേഗതയാർന്ന ബൗളിംഗ്... ബാറ്റ്സ്മാൻ കുഴങ്ങുന്നു. ആംബ്രോസ്.... കൊള്ളാം
ക്യാപ്റ്റൻ ഉൾപ്പെടെയുള്ളവരുടെ കൈയ്യടി പ്രോത്സാഹനം.

അന്നത്തെ വെസ്റ്റ്ഇൻഡീസ് ടീമിലെ പേരുകേട്ട ഫാസ്റ്റ് ബൗളർ ആംബ്രോസിനെ ഓർമിപ്പിക്കുന്ന ചലനങ്ങളാകയാലാണോ ആ പേര്.. അതോ ഒറിജിനൽ പേര് അങ്ങനെയാണോ എന്ന് ഞാൻ സംശയിച്ചിരിക്കേ... 

തൊട്ടടുത്ത ബോളിനെ ബാറ്റ്സ്മാൻ ഫോറടിച്ചു. ഡേയ്.. അയ്യപ്പാ നോക്കി എറിയടേ എന്നായി ക്യാപ്റ്റൻ.. . 

അപ്പോൾ ആംബ്രോസ് വിളിപ്പേരുതന്നെ.. ഒറിജിനൽ നാമം അയ്യപ്പൻ.

 (തുടരും)